LogoLoginKerala

അരിക്കൊമ്പന്‍ വേട്ടയ്ക്ക് ഹൈക്കോടതി വിലക്ക്‌, റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ വിടണം

 
arikomban

ആന തിരിച്ചുവരുന്നത് വിദഗ്ധ സംഘം നിരീക്ഷിക്കണം, പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ചംഗ സമിതി

കൊച്ചി- അരിക്കൊമ്പന്‍ വേട്ടക്കുള്ള സ്‌റ്റേ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടക്കുന്നത് ഹൈക്കോടതി മറ്റൊരുത്തരവുണ്ടാകുന്നതു വരെ വിലക്കി. ആനയെ മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ വിടണമെന്നും തിരിച്ചു വരുന്നത് നിരീക്ഷിക്കാന്‍ വിദഗ്ധര്‍ ഇടുക്കിയില്‍ തുടരണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അമിക്യസ് ക്യൂറിയും രണ്ട് വിദഗ്ധരും അടങ്ങുന്ന വിദഗ്ധ സമിതിയെയാണ് ഹൈക്കോടതി നിയോഗിച്ചിട്ടുള്ളത്. രണ്ടു ദിവസം അമിക്യസ് ക്യൂറി വിവരങ്ങള്‍ ശേഖരിക്കും. 
കൊടുംവനത്തിലുള്ള ആനത്താരയില്‍ 301 സെറ്റില്‍മെന്റ് കോളനി വന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. വന്യജീവികളുടെ ശല്യമുള്ള സ്ഥലമാണെങ്കില്‍ ഈ കോളനിയലുള്ളവരെയല്ലേ മാറ്റിതാമസിപ്പിക്കേണ്ടത് എന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ പിടികൂടിയാല്‍ ആ മേഖലയിലുള്ള മറ്റ് നിരവധി ആനകള്‍ അവിടേക്ക് വരും. അതുകൊണ്ടു തന്നെ ഇത് ശാശ്വതമായ പരിഹാരമാര്‍ഗമല്ല. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണുണ്ടാകേണ്ടത്. 
പതിനെട്ട് വര്‍ഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നതെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. 2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണ്. കാട്ടാനയുടെ ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പലതവണയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തതിനാല്‍ കണക്കിലുള്‍പ്പെടുത്തിയിട്ടില്ല. വീട്ട് നമ്പരില്ലാത്ത കെട്ടിടങ്ങള്‍ ഷെഡുകള്‍ പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ത്ത വീടുകള്‍ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതല്‍ ഈ മാര്‍ച്ച് 25 വരെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്.  ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറി. എന്നാല്‍ ഇതൊന്നും ഒരു ആനയെ പിടികൂടിയാല്‍ തീരുന്ന പ്രശ്‌നങ്ങളല്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഇടുക്കി അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് പൂര്‍ത്തിയാക്കിയിരിക്കെ ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്ന വിധിയാണ് കോടതിയില്‍ നിന്ന് വന്നത്. അരിക്കൊമ്പനെ പ്രദേശത്തു നിന്ന് എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. കോടതി നിര്‍ദേശത്തിനെതിരെ പ്രകടനം നടത്തിയ നാട്ടുകാര്‍ വനംവകുപ്പ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിചച്ചിട്ടു. ദേശീയപാത ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കോടതി ഉത്തരവില്‍ പറഞ്ഞ ന്യായങ്ങളൊന്നും നാട്ടുകാര്‍ കണക്കിലെടുക്കുന്നില്ല. ഇവിടെ ജനങ്ങള്‍ക്ക് ഉപദ്രവം സൃഷ്ടിക്കുന്ന ചക്കക്കൊമ്പന്‍ അടക്കമുള്ള ആനകളുടെ നേതാവ് അരിക്കൊമ്പനാണെന്നും അരിക്കൊമ്പനെ ഇവിടെ നിന്ന് മാറ്റിയാല്‍ മറ്റുള്ള ആനകള്‍ ഇവിടേക്ക് വരാതാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.