LogoLoginKerala

KSRTC യിൽ ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി

അടുത്ത ആഴ്ച തന്നെ നൽകുമെന്ന് ധനമന്ത്രി

 
Ksrtc

ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് കോടതി 

ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്നായിരുന്നു കെഎസ്ആർടിസിയുടെ മറുപടി. എന്നാൽ ശമ്പളത്തിന്‍റെ  ആദ്യ ഗഡു നൽകേണ്ടത്  കെഎസ്ആർടിസി തന്നെയാണെന്ന് കോടതി ചൂണ്ടികാട്ടി. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും സ്ഥാപനം നിലനിൽക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി.
ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ജീവനക്കാരുടെ ആവശ്യം. ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്മെന്‍റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി.ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് അടുത്ത ആഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഈ മാസം 22 നുള്ളിൽ ശമ്പളം നൽകാനാണ് ധാരണ. ഓണം അലവൻസും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അലവൻസ് തുക എത്ര നൽകണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.ഉറപ്പുകൾ നടപ്പാക്കിയാൽ 26ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കുമെന്ന് യൂണിയനുകൾ വ്യക്തമാക്കി. ചർച്ച നിരാശാജനകമല്ലെന്ന് സി.ഐ.ടി.യുവും, മറ്റ് വിഷയങ്ങളിൽ വിശദമായ തുടർ ചർച്ചകൾ വേണമെന്ന് ബിഎംഎസും പ്രതികരിച്ചു. ഓണത്തിന് മുമ്പ് ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.