LogoLoginKerala

രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം

 
rahul gandhi

ഗാന്ധിനഗര്‍ - 'മോഡി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ ശിക്ഷാവിധിക്കെതിരായ അപ്പീലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതി ഇന്ന് നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ തിരിച്ചടിയായി. രാഹുല്‍ സ്ഥാനം മറന്നുകൂടെന്നും പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ അത് ഓര്‍ക്കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് നിരീക്ഷിച്ചു. രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദം നടത്തുമ്പോഴാണ് കോടതിയുടെ പ്രതികൂല പരാമര്‍ശമുണ്ടായത്. പാര്‍ലമെന്റംഗം എന്ന നിലയില്‍ രാഹുലിന്റെ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന വിചാരണ കോടതി വിധിയിലെ ന്യൂനതകള്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് എം പി സ്ഥാനത്തിരുന്നു കൊണ്ട് പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തം മറന്നകൂടെന്ന് കോടതി ഓര്‍മിപ്പിച്ചത്. കേസില്‍ മെയ് രണ്ടിന് വാദം തുടരും. അന്ന് തന്നെ കേസ് തീര്‍പ്പാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്കും കോടതി സമയം നല്‍കി.
രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി. എവിഡന്‍സ് ആക്ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും സിംഗ്വി ആവശ്യപ്പെട്ടു.
രാഹുലിന്റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീല്‍ എത്തിയത്.
സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി നീതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാലേ ലോക്സഭാ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെടൂ. അതിനാല്‍ രാഷ്ട്രീയപരമായി രാഹുലിനും കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെല്ലാം രാഹുലിന്റെ എം.പി സ്ഥാനം പുനസ്ഥാപിച്ചുകിട്ടേണ്ടത് രാഷ്ട്രീയപരമായി ഏറെ പ്രധാനമാണ്.