LogoLoginKerala

ഫിറോസ് കുന്നംപറമ്പിലിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി

സംസ്ഥാന സെക്രട്ടറിയെ സംഘിയെന്ന് വിളിച്ച് ഫിറോസ്
 
firoz kunnamparambil


മലപ്പുറം- സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങളും വിവാദങ്ങളും തുടരുന്നു. തിരൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ് ഈ വിഷയത്തില്‍ പ്രമേയം കൊണ്ടുവരികയും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതാണ് പൊട്ടിത്തെറിക്കിടയാക്കിയത്. നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ ഇനി തവനൂരിലേക്ക് അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തോട് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ രൂക്ഷമായി പ്രതികരിച്ച് ഫിറോസ് കുന്നുംപറമ്പില്‍ രംഗത്തെത്തി.

ഇ.പി. രാജീവ് സംഘി ആണെന്നും തന്റെ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി മാറ്റിനിര്‍ത്തപ്പെട്ട ആളാണ് രാജീവ് എന്നും ഫിറോസ് ഫെയ്സ്ബുക്കിലൂടെ തുറന്നടിച്ചു. കുറി തൊട്ടവനേയും, ചരട് കെട്ടിയവരേയും സംഘിയാക്കുന്ന നിലപാടാണ് ഫിറോസിന്റേതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. കോണ്‍ഗ്രസ് പാരമ്പര്യം ഒന്നുംതന്നെ ഇല്ലാത്ത ഫിറോസ് കുന്നംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിച്ചതില്‍ ഇപ്പോള്‍ പാര്‍ട്ടി വിഷമം അനുഭവിക്കുന്നു എന്ന് പല നേതാക്കളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും രാജീവിന് പിന്തുണയുമായി വന്നെങ്കിലും ഫിറോസ് കുന്നംപറമ്പിലിന്റെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ അനുകൂലികളും രാജീവിനെതിരെ പോര്‍വിളി തുടര്‍ന്നു. ഇ.പി. രാജീവിനെതിരെ യൂത്ത് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ സമീപകാലത്ത് അതിരുകവിഞ്ഞ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി എന്നാണ് രാജീവിനെതിരായ യൂത്ത് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ കഴിഞ്ഞ ദിവസം ഇ.പി. രാജീവ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.