വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ വിരുന്നൊരുക്കിയത് വിവാദമായി

തിരുവനന്തപുരം-കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയത് വിവാദമായി. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നത്. ഈ മാസം 23ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് മണികുമാറിന് കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സര്‍ക്കാര്‍വക യാത്രയയപ്പ് ഒരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര സെക്രട്ടറി കെ.വേണു, നിയമസെക്രട്ടറി ഹരി നായര്‍ തുടങ്ങിയവരും പങ്കടുത്തു.
ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയില്‍ നല്‍കുന്ന ഫുള്‍ കോര്‍ട്ട് യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നു. അതോടൊപ്പം, സീനിയര്‍ അഭിഭാഷകരും യാത്രയയ്പ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നേരിട്ട് ഇത്തരമൊരു യാത്രയയപ്പ് നല്‍കുന്നത് കേരളത്തില്‍ പതിവില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മ്ുഖ്യമന്ത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത ജഡ്ജിമാര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള അടുപ്പമാണ് കാണിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2019 ഒക്ടോബര്‍ 11നാണ് ജസ്റ്റിസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ 2006 ജൂലായിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ശ്രദ്ധേയമായ ഒട്ടേറെ വിധികള്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഫയലിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവ ഹൈക്കോടതിയില്‍ നടപ്പാക്കിയതും ഇക്കാലത്താണ്. ഇത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന് സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.