LogoLoginKerala

അരിക്കൊമ്പന്‍ ആക്രമണം: കേരള സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വനംമന്ത്രി

ഉത്തരവാദികള്‍ അരിക്കൊമ്പന്‍ ഫാന്‍സെന്ന് ഡീന്‍കുര്യാക്കോസ് എം പി
 
arikomban

കൊച്ചി- അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് തമിഴ്‌നാട് വനംവകുപ്പിന് ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് സ്വീകരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് ഫലം കണ്ടില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടുന്നതടക്കമുള്ള വഴികള്‍ സ്വീകരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ആന ഇപ്പോഴുള്ളത് ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള പ്രദേശത്താണ്. ഇനി കേരളത്തിലെ ജനവാസ മേഖലയിലേക്കെത്തിയാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ വനംമേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് കേരളവനംവകുപ്പിന് ഉത്തരവാദിത്തമില്ലെന്ന് വനം മന്ത്രി വ്യക്തമാക്കി.  മയക്കുവെടിവെച്ച് പിടികൂടി ആനപരിപാലന കേന്ദ്രത്തില്‍ എത്തിക്കാനായിരുന്നു കേരള വനംവകുപ്പിന്റെ തീരുമാനം. കോടതി ഇടപെടലിന്റെ ഫലമായാണ് ഈ തീരുമാനം മാറ്റിയത്. ഉള്‍ക്കാട്ടിലേക്ക് അയക്കാനുള്ള തീരുമാനം തീരുമാനം വനംവകുപ്പിന്റേതല്ല. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാ നടപടികളും സ്വീകരിച്ചത്. ആനയുടെ സ്വഭാവം അറിയുന്നതു കൊണ്ടാണ് ഉള്‍ക്കാട്ടിലേക്ക് അയക്കുന്നതു കൊണ്ട് പ്രയോജനമില്ലെന്ന് കേരള വനംവകുപ്പ് നിലപാടെടുത്തത്. എന്നാല്‍ കോടതിയും കോടതി നിയോഗിച്ച വിദഗ്ധസമിതിയും നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു വഴികള്‍ സര്‍ക്കാരിന് മുന്നിലില്ലാതെ പോയി. അതിരുകവിഞ്ഞ ആനപ്രേമം മൂലം കോടതിയെ സമീപിച്ചവരാണ് ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളെന്നും മന്ത്രി പറഞ്ഞു.  

ഭ്രാന്ത് പിടിച്ച അരിക്കൊമ്പന്‍ ആരാധകരാണ് തമിഴ്‌നാട്ടില്‍ ആന ഇപ്പോള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരിയായ വന്യമൃഗത്തെ തളയ്ക്കാന്‍ കഴിയാത്ത അവസ്ഥ ലോകത്ത് കേരളത്തിലല്ലാതെ മറ്റൊരിടത്തുമുണ്ടാകില്ലെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. അരിക്കൊമ്പന്‍ ഫാന്‍സും കോടതിക്കുമടക്കം ഇതില്‍ ഉത്തരവാദിത്തമുണ്ട്. നേരത്തെ തന്നെ ആനയെ മയക്കുവെടിവെച്ച് തളക്കാന്‍ കഴിയുമായിരുന്നു. അതിന് തടസം സൃഷ്ടിച്ചത് അരിക്കൊമ്പന്‍ ഫാന്‍സാണ്. ജനനവാസ മേഖലകളില്‍ ഇറങ്ങി അക്രമം നടത്തി ശീലിച്ച ഈ ആനയെ എവിടെയെത്തിച്ചാലും അവിടെ അതിക്രമം നടത്തുമെന്ന് ഈ ആനയെ അറിയുന്നവര്‍ക്കെല്ലാം അറിവുള്ള കാര്യമാണ്. മാധ്യമങ്ങള്‍ ഇനിയെങ്കിലും ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഡീന്‍കുര്യാക്കോസ് പറഞ്ഞു.