LogoLoginKerala

സ്വര്‍ണക്കടത്ത് കേസ്, സ്വപ്ന സുരേഷിന് ആറ് കോടി പിഴ, ശിവശങ്കറിന് 50 ലക്ഷം

 
sivasankar

കണ്ണൂര്‍: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്ന സുരേഷും അടക്കമുള്ളവര്‍ കൂടുതല്‍ കുരുക്കിലേക്ക്. ഇരുവരും പിഴ അടക്കണമെന്ന്  കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ വ്യക്തമാക്കി. സ്വപ്ന സുരേഷ് ആറ് കോടി രൂപയും ശിവശങ്കര്‍ 50 ലക്ഷം രൂപയും അടക്കണമെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്.

തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ 5 ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ കസ്റ്റംസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

യു എ ഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴ അടക്കണം എന്നാണ് ഉത്തരവ്. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താന്‍ ഏജന്‍സീസ് 4 കോടി രൂപയും ഫൈസല്‍ ഫരീദ്, പി മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവര്‍ 2.5 കോടി രൂപ വീതവും അടക്കണം

സ്വപ്നയുടെ ഭര്‍ത്താവ് എസ് ജയശങ്കര്‍, റബിന്‍സ് ഹമീദ് എന്നിവര്‍ 2 കോടി രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. എ എം ജലാല്‍, പി ടി അബ്ദു, ടി എം മുഹമ്മദ് അന്‍വര്‍, പി ടി അഹമ്മദ് കുട്ടി, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ക്ക് 1.5 കോടി രൂപ വീതവും പിഴയടക്കം. മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 2 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയും പിഴ ചുമത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത 30 കിലോഗ്രാം സ്വര്‍ണത്തിന് പുറമേ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് സംഘം 2019 നവംബറിനും 2020 മാര്‍ച്ചിനും ഇടയില്‍ 46.50 കോടി രൂപ വില വരുന്ന 136.828 കിലോഗ്രാം സ്വര്‍ണം കടത്തി എന്ന് സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണ് എന്നും ഉത്തരവില്‍ പറയുന്നു. അതേസമയം പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിന് എതിരെ പ്രതികള്‍ക്ക് കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.