ജി 20 ഉച്ചകോടി : ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം
അടുത്ത തലമുറയ്ക്കുള്ള അടിത്തറയെന്ന് പാകുന്നുവെന്ന് വ്യക്തമാക്കി ജി20 ഉച്ചകോടിയിൽ, ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് നീളുന്ന ബൃഹത്തായ സാമ്പത്തിക ഇടനാഴിക്കാണ് വഴിതുറന്നിരിക്കുന്നത്. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രാൻസും, പുതിയ അവസരങ്ങൾക്ക് വഴിതുറക്കുകയാണെന്ന് ജോ ബൈഡനും പ്രതികരിച്ചു. സാമ്പത്തിക ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമാൻ ചാൻസലറും വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധം പരാമർശിച്ചാണ് ജി 20 സംയുക്ത പ്രഖ്യാപനം. കോവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ യുദ്ധം ഇടയാക്കിയെന്ന് സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു. യുക്രെയ്ൻ യുദ്ധത്തിന് പരിഹാരമുണ്ടാകണം. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു.റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം.
ഭക്ഷ്യ–ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല.ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലും സംരക്ഷണ ചടങ്ങൾ ഉണ്ടാകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയത്തിലുണ്ട്. രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’’ – സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു
രാവിലെ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ യുഎസ് പ്രസിഡൻറ് ജോബൈഡൻ ഉൾപ്പടെയുള്ള നേതാക്കളെ നരേന്ദ്ര മോദി സ്വീകരിച്ചു. ഭാരത് എന്നെഴുതിയ ബോർഡാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ വച്ചിരുന്നത്. സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് തുടങ്ങി 30 രാഷ്ട്രനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നു