LogoLoginKerala

വിഴിഞ്ഞം സമരം; വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

 
Vizhinjam
വധശ്രമം കൂടാതെ കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് നിലവില്‍ എടുത്തത്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. പദ്ധതിയെ എതിര്‍ക്കുന്ന  സമരസമിതിക്കും അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തുമെന്നാണ് പുറത്തു വരുന്ന വിവരം. വധശ്രമം കൂടാതെ കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് നിലവില്‍ എടുത്തത്. തങ്ങല്‍ക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും, വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും യുജിന്‍ പെരേര ആരോപണമുയര്‍ത്തി.