സുഡാനിലെ ആഭ്യന്തര യുദ്ധഭൂമിയില്‍ നിന്നും മലയാളികളുടെ ആദ്യസംഘമെത്തി

കൊച്ചി- ആഭ്യന്തര യുദ്ധം ശക്തമായ സുഡാനില്‍ നിന്നും മടങ്ങിയ മലയാളികളുടെ ആദ്യ സംഘം ജന്‍മനാട്ടിലെത്തി. രണ്ട് വിമാനങ്ങളിലായി എട്ട് പേരാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ആറ് പേരടങ്ങുന്ന ആദ്യ സംഘം ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.ഇന്നലെ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇവര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട് , ഭാര്യ ഷാരൂണ്‍ ആലപ്പാട്ട് , മക്കളായ മിഷേല്‍ , റോഷല്‍ , ഡാനിയേല്‍ , ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ് വേണു എന്നിവരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത് . ഇവരെ കൂടാതെ കലാപത്തിനിടെ വെടിയേറ്റ് മരിച്ച മലയാളി കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും നാട്ടില്‍ മടങ്ങിയെത്തി . ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ല, മകള്‍ മരീറ്റ എന്നിവര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മടങ്ങിയെത്തിയവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
സുഡാനില്‍ സൈനികരും അര്‍ദ്ധ സൈനികരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായിട്ടുള്ള വെടിവെപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന് അവിടെനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ജന്മനാടുകളില്‍ തിരിച്ചെത്തിയ മലയാളികള്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു . ഏപ്രില്‍ മാസം പതിനഞ്ചാം തീയതി രാവിലെയാണ് വെടിവെപ്പ് തുടങ്ങിയത് . സമാധാനപരമായ അന്തരീക്ഷം അന്തരീക്ഷം നിലനിന്നിരുന്ന രാജ്യം ആയിരുന്നു അത് . സംഘട്ടത്തിനിടയില്‍ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് തിരിച്ചെത്താന്‍ കഴിഞ്ഞത് . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നു.കേന്ദ്രമന്ത്രി വി .മുരളീധരന്‍ ജിദ്ദയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് വലിയ ആശ്വാസമായിരുന്നു. സുഡാനില്‍ കണക്ക് പ്രകാരം ഏകദേശം 6000 മുതല്‍ 7000 വരെ ഇന്ത്യക്കാര്‍ ആണ് ഉള്ളത്.ഇപ്പോഴത്തെ നിലയില്‍ 500 മുതല്‍ 600 വരെ ആളുകളെ ഒരു ദിവസം ഫോട്‌സ് ലാന്‍ഡില്‍ എത്തിക്കാന്‍ കഴിയും. പത്ത് ദിവസം കൊണ്ട് മലയാളികളെ പൂര്‍ണ്ണമായും നാട്ടിലെത്തിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.