LogoLoginKerala

സ്വപ്‌നയുടെ പരാതി: വിജേഷ് പിള്ളക്കെതിരെ കേസ്

ബാംഗ്ലൂരില്‍ ചോദ്യം ചെയ്യും, അറസ്റ്റിനും സാധ്യത
 
vijesh pillai swapna suresh
താക്കീത് നല്‍കി വിടാനായിരുന്നു പോലീസ് തീരുമാനമെങ്കിലും രാഷ്ട്രീയ മാനങ്ങളുള്ളതിനാല്‍ കേസെടുക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം.

ബാംഗ്ലൂര്‍- സ്വര്‍ണക്കടത്തു കേസിലെ പ്രതിയും വിവാദനായികയുമായ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളയെ കര്‍ണാടക പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ബാംഗ്ലൂര്‍ കെ ആര്‍ പുര പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. സ്വപ്‌ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വപ്‌നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വന്നേക്കുമെന്നാണ് സൂചന. 
കേസില്‍ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തിയന്നത്. ഇവര്‍ കണ്ടുമുട്ടിയ ഹോട്ടലില്‍ സ്വപ്‌നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സൂരി ഹോട്ടലില്‍ വിജേഷ് പിള്ള തന്റെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്‌ന പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ താന്‍ തനിച്ചായിരുന്നുവെന്നും മറ്റാരെങ്കിലുമുണ്ടെങ്കില്‍ പോലീസ് കണ്ടെത്തട്ടെ എന്നും വിജേഷ് പിള്ള പ്രതികരിച്ചു.
വിജേഷിനെതിരെ എഫ് ഐ ആര്‍ ഇല്ലാതെ നോണ്‍ കോഗ്നിസബിള്‍ ഒഫന്‍സിന് താക്കീത് നല്‍കാനായിരുന്നു കെ ആര്‍ പുര പോലീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വലിയ രാഷ്ട്രീയ മാനങ്ങളുള്ള സംഭവമായതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.