'തല്ല് ഇന്നത്തോടെ നിര്‍ത്തണം, ഇത് ഭീഷണി തന്നെ' വയനാട് കോണ്‍ഗ്രസിലെ ഭിന്നതക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍

കാലങ്ങളായി വയനാട്ടിലെ കോണ്‍ഗ്രസില്‍ തുടരുന്ന ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തല്ല് ഇന്ന് തന്നെ നിര്‍ത്തിക്കോണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വയനാട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരസ്യ ശാസന. സദസ്സില്‍ ഉള്ളവരോടല്ല താനിത് പറയുന്നത്, മറിച്ച് വേദിയില്‍ ഇരിക്കുന്നവരോടാണ് എന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും സതീശന്‍ പറഞ്ഞു.
സ്വന്തം ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കില്‍ ഒന്ന് കളിയാക്കണമെന്നും ആവശ്യപ്പെട്ട വിഡി സതീശന്‍, എന്നാലേ ഈ നേതാക്കള്‍ പഠിക്കൂവെന്നും പറഞ്ഞു. നേതാക്കള്‍ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്‌നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞ സ്‌നേഹത്തിന്റെ കട പ്രയോഗം ആദ്യം മനസ്സില്‍ വേണമെന്നും അദ്ദേഹം നേതാക്കളെ ഓര്‍മ്മിപ്പിച്ചു.