LogoLoginKerala

കെ സുധാകരന്‍ മോന്‍സണില്‍ നിന്ന് 10 ലക്ഷം കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച്

 
k sudhakaran

കൊച്ചി- മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ എം പി 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ജീവനക്കാരായ മൂന്നു പേര്‍ കെ സുധാകരന്‍ പത്തു ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കോടതിയിലും ഇവര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.

ലോകത്തിലെ എറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് കോടികള്‍ വാങ്ങി കബളിപ്പിച്ചെന്നാണ് മോന്‍സനെതിരെയുള്ള പരാതി. പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ തടസം നീക്കാന്‍ ഡഹിയിലെ ഗുപ്ത അസോസിയേറ്റിന് 25 ലക്ഷം ആവശ്യമുണ്ടെന്ന് അറിയിച്ച് 2018ലാണ് തട്ടിപ്പിനിരയായവരിലൊരാളായ അനൂപിനെ മോന്‍സണ്‍ സമീപിക്കുന്നത്. ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് പേപ്പറില്‍ ഒപ്പിട്ട് അയപ്പിക്കാമെന്ന് അറിയിച്ചു. എം.പിയോട് സംസാരിച്ച് ബോദ്ധ്യം വരുത്താമെന്നു വിശ്വസിപ്പിച്ചു. 2018 നവംബര്‍ 22 ഉച്ചയ്ക്ക് രണ്ടിന് കലൂരിലെ മോന്‍സണിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉടന്‍ പരിഹരിക്കാമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കി. ഇതുവിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷം നല്‍കിയെന്നാണ് പരാതിക്കാരന്റെ മൊഴിയിലുള്ളത്. ഇത് സാധൂകരിക്കുന്നതാണ് മോന്‍സന്റെ മുന്‍ ജീവനക്കാര്‍ നല്‍കിയ മൊഴി. ഇടപാടിന് പ്രതിഫലമായി സുധാകരന്  മോന്‍സണ്‍ മാവുങ്കില്‍ 10 ലക്ഷം രൂപ നല്‍കിയെന്നാണ് ദൃക്‌സാക്ഷി മൊഴി.