LogoLoginKerala

ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്നത് കാട്ടുനീതി,രാജ്യം മാഫിയാ റിപബ്ലിക്കായെന്ന് മൊയ്ത്ര

 
encounter killing


ന്യൂഡല്‍ഹി-ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടതിനോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് കാടന്‍ നീതിയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇന്ത്യയെ ബി.ജെ.പി മാഫിയ റിപ്പബ്ലിക്കാക്കി മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര പറഞ്ഞു. ബി.ജെ.പി. ഇന്ത്യയെ ഒരു മാഫിയ റിപ്പബ്ലിക്കാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഇവിടെയും ഇന്ത്യയ്ക്കു പുറത്തും മാത്രമല്ല, മറ്റെവിടെവേണമെങ്കിലും പറയാന്‍ എനിക്ക് ഭയമില്ല. കാരണം അതാണ് സത്യം. പോലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പേര്‍ അസംഖ്യം പോലീസുകാര്‍ക്കും ക്യാമറകള്‍ക്കും നടുവില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഇത് നിയമവ്യവസ്ഥയുടെ മരണമാണ്. മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍മാലിക് നടത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മഹുവ ആരോപിച്ചു. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു 'ദ വയറി'ന് നല്‍കിയ അഭിമുഖത്തില്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം.
യുപിയില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹീം പറഞ്ഞു. ഓരോ പതിമൂന്ന് ദിവസങ്ങള്‍ക്കിടയിലും ഒരാള്‍ വീതം യുപിയില്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ സമാന സ്വഭാവമുള്ള പതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് 'എന്‍കൗണ്ടര്‍' സംഭവങ്ങള്‍ ഉണ്ടായി. ഈ സംഭവങ്ങളില്‍ 183 പേര്‍ കൊല്ലപ്പെട്ടു, 4911 പേര്‍ക്ക് പരുക്കേറ്റു. ഇങ്ങനെ കൊല്ലപ്പെടുന്നവരൊക്കെ ക്രിമിനലുകള്‍ ആണെന്നാണ് പൊലീസ് വാദം. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവല്‍ക്കരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറ്റം ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പു വരുത്തുകയുമാണ് ചെയ്യേണ്ടത്. നിയമവാഴ്ചയിലൂടെയാണ് ക്രിമിനലുകളെ അമര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന അപരിഷ്‌കൃതവും, ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധവുമായ ഈ വന്യമായ രീതി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ല. ഈ കിരാതമായ നടപടികളെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്. യുപിയില്‍ നടന്ന സമാന സ്വഭാവമുള്ള എല്ലാ സംഭവങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വഷണം നടത്തണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ അന്വഷണം നടക്കണം. സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് അരാജകത്വം അനുവദിക്കരുത്. ക്രിമിനലുകളെ നിയമപരമായി അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന് റഹിം പറഞ്ഞു.