LogoLoginKerala

വൈകാരികം ഈ യാത്ര അയപ്പ്; ജനസാഗരമായി ദര്‍ബാര്‍ ഹാള്‍

 
Oommen Chandy's Death

മുഖ്യമന്ത്രി ആയി ചുമതലയേറ്റ നാള്‍ മുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനനായകന്‍ ഉമ്മന്‍ ചാണ്ടിക്ക് ഇതിലും നല്ല യാത്രയയപ്പ് നല്‍കാന്‍ കഴിയില്ലെന്നത് ഉറപ്പായ കാര്യമാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന പൊതു ദര്‍ശനത്തിന് എത്തിച്ചേര്‍ത്തത് ആയിരങ്ങള്‍. പ്രതിപക്ഷ-ഭരണകക്ഷി നേതാക്കളും, പ്രവര്‍ത്തകരും ജനങ്ങളുമുള്‍പ്പെടെ  ആയിരക്കണക്കിനാളുകളാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ദര്‍ബാര്‍ ഹാളിലെത്തിയത്. ഉച്ചയ്ക്ക് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചപ്പോഴും ജനസാഗരമായിരുന്നു വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ കാത്തുനിന്നത്.

പുതുപ്പള്ളി ഹൗസിലെ പൊതു ദര്‍ശനത്തിനു ശേഷമാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. നിറ പുഞ്ചിരിയോടെ എന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയ സൗമ്യ മുഖം ഇന്ന് ചലനമറ്റ് കിടക്കുന്ന കാഴ്ച്ച എല്ലാവരുടെയും കണ്ണുകള്‍ നനയിച്ചു.

Oommen Chandy

ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാകും. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും.

സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണു സംസ്‌കാരം.