LogoLoginKerala

കേരളത്തിൽ ഈദുൽ ഫിത്വർ ശനിയാഴ്ച; പെരുന്നാൾ അവധി രണ്ടുദിവസമെന്ന് മുഖ്യമന്ത്രി

 
Eid
തിരുവനന്തപുരം - ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ഇതുവരെയും ലഭിക്കാത്തതിനാൽ കേരളത്തിൽ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്വറെന്ന് വിവിധ ഖാസിമാരും മത നേതാക്കളും അറിയിച്ചു. ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് (വെള്ളി, ശനി) നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.
 
ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഈദുൽഫിത്വർ (ശവ്വാൽ ഒന്ന്) ശനിയാഴ്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികളുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാനും കെ.എൻ.എം സംസ്ഥാന ജനറൽസെക്രട്ടറിയുമായ എം മുഹമ്മദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ അബൂബക്കർ സലഫി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കർ ഹസ്രത്ത്, ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽഅസീസ് മൗലവി എന്നിവർ അറിയിച്ചു.
 
അതേസമയം, കേരളത്തിലെ മുജാഹിദിലെ മർകസുദ്ദഅ്‌വ വിഭാഗം (കെ.എൻ.എം) ഗോളശാസ്ത്ര കണക്ക് അടിസ്ഥാനപ്പെടുത്തി പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളിലെ വീക്ഷണ വ്യത്യാസം നിമിത്തം പെരുന്നാൾ ദിനം വ്യത്യസ്തമായാൽ സാമൂഹികമായ ഐക്യം പരിഗണിച്ചാണ് പെരുന്നാൾ ആഘോഷിക്കേണ്ടതെന്ന് മർകസുദ്ദഅ്‌വ ക്രെസന്റ് വിംഗ് അറിയിച്ചു. ആഗോളാടിസ്ഥാനത്തിലുള്ള ദർശനം പരിഗണിച്ച് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ റമദാൻ 30 പൂർത്തീകരിച്ച് പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
 പെരുന്നാൾ പ്രഖ്യാപനം വന്നതോടെ വിശ്വാസികൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും ഈദ്ഗാഗുകളിലും ഒരുക്കങ്ങൾ ആരംഭിച്ചു. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം.