ബൈജൂസ് ആപ്പിന്റെ ഓഫീസുകളിലും ബൈജുവിന്റെ വീട്ടിലും ഇ ഡി റെയ്ഡ്

ബാംഗ്ലൂര്‍- മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച പ്രശസ്ത എഡ് ടെക്ക് ആപ്ലിക്കേഷനായ ബൈജൂസിന്റെ ഓഫീസുകളിലും ബൈജുവിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ധന വിനിമയ സംബന്ധമായ ഇടപാടുകളിലാണ് അന്വേഷണം. ബംഗളൂരുവിലെ ഭവാനി നഗറിലെ ഒഫീസ് സമുച്ചയത്തിലെ രണ്ട് ഒഫീസുകളിലും ബൈജു രവീന്ദ്രന്റെ വീട്ടിലുമാണ് പരിശോധന നടന്നത്.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തതായി റെയിഡിനു ശേഷം ഇഡി വ്യക്തമാക്കി. ബൈജുവിന്റെ തിങ്ക് ആന്‍ഡ് ലേണ്‍ എന്ന കമ്പനി 2011 മുതല്‍ 2023 വരെ 28000 കോടി രൂപയുടെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്റെ രേഖകള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ വ്യക്തികള്‍ നല്‍കിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമന്‍സ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതല്‍ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത് 28,000 കോടി രൂപയാണ്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക രേഖകള്‍ ബൈജൂസ് സമര്‍പ്പിച്ചിട്ടില്ല. അക്കൗണ്ടുകളില്‍ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചെന്നും ബൈജൂസിന്റെ ലീഗല്‍ ടീം പറഞ്ഞു. ഇത് പതിവ് പരിശോധനയുടെ ഭാഗമാണെന്നും അവര്‍ പറയുന്നു.