LogoLoginKerala

ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

 
sivasankar


കൊച്ചി- ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നലെ കൊച്ചയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിനുശേഷം 59-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് ഇഡിയുടെ നടപടി.
ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം. ലൈഫ് മിഷന്‍ കോഴ ശിവശങ്കറിന്റെ കൈകളിലെത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അദ്ദേഹത്തിനുവേണ്ടിയാണ് സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ പണം സൂക്ഷിച്ചതെന്ന് ഇ.ഡി. കണ്ടെത്തി. ഈ കണ്ടെത്തല്‍ ഉള്‍പ്പെടെ വിശദീകരിച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ കോഴക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം.കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ മറ്റു പ്രതികളുടെ മേലുള്ള അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മുഴുവന്‍ വിവങ്ങളും പുറത്തുവന്നിട്ടില്ല.