LogoLoginKerala

ലൈഫ് മിഷന്‍ കോഴ: സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

 
santhosh eappan

കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ചോദ്യം ചെയ്യാനായി ഇന്നലെ സന്തോഷ് ഈപ്പനെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് രാത്രി 9.30 ഓടെയാണ് അറസ്റ്റ് ചെയ്തത്.
ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുളള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ ഏഴാം പ്രതിയായ ശിവശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പി എസ് സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
ലൈഫ്മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന് ഈപ്പന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരിയിലെ ഭവനനിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 3.80 കോടി രൂപയുടെ ഡോളര്‍ കരിഞ്ചന്തയില്‍നിന്നു വാങ്ങി യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്ന് ഈപ്പന്‍ വ്യക്തമാക്കി. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കു കമ്മീഷനായി നല്‍കിയത് 59 ലക്ഷം രൂപയാണ്. മുമ്പു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചില കെട്ടിടനിര്‍മ്മാണ കരാറുകളില്‍നിന്നു ലഭിച്ച തുകയാണ് ഇതിനു നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി നിയമാനുസൃതമായാണ് തുകകളെല്ലാം കൈമാറിയതെന്നും തനിക്കു കള്ളപ്പണ ഇടപടുകളില്ലെന്നും സന്തോഷ് ഈപ്പന്‍ നിലപാടെടുത്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പകര്‍പ്പുകളും ഇ.ഡിക്കു കൈമാറുകയുണ്ടായി.
അതേസമയം രണ്ടു കോടിയോളം രൂപ സന്തോഷ് ഈപ്പന്‍, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് നല്‍കിയെന്നും ഇഡി സംശയിക്കുന്നു. കസ്റ്റംസിനോടും സിബിഐയോടും കമ്മീഷന്‍ തുക സംബന്ധിച്ച് നല്‍കിയ മൊഴി തെറ്റായിരുന്നെന്നും സംശയിക്കുന്നുണ്ട്. കോഴപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് കിട്ടിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ കേസ്. എന്നാല്‍ ശിവശങ്കറിന് ഇതില്‍ എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന നലപാടാണ് ഈപ്പന്‍ സ്വീകരിച്ചിട്ടുള്ളത്. ഇതും അറസ്റ്റിലേക്ക് നയിച്ച ഘടകമാണ്.