LogoLoginKerala

നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത്: മുഖ്യസൂത്രധാരന്‍ റമീസിനെ ഇഡി അറസ്റ്റ് ചെയ്തു

 
rameez

കൊച്ചി- നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയതിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ചയോടെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇഡി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
ഇ.ഡി. രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ അഞ്ചാം പ്രതിയാണ് റമീസ്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന റമീസിനെ കസ്റ്റംസും എന്‍.ഐ.എയും അറസ്റ്റ് ചെയ്തിരുന്നു.വിദേശത്ത് നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുക എന്ന ആശയം റമീസിന്റേതായിരുന്നു. ദുബായില്‍നിന്ന് ഫൈസല്‍ ഫരീദിനെക്കൊണ്ട് സ്വര്‍ണ്ണം കയറ്റി അയപ്പിച്ചതും റമീസായിരുന്നുവെന്നാണ് കണ്ടെത്തല്‍.  കേസില്‍ റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പമാണ് ഇഡി സ്വര്‍ണക്കടത്തും അന്വേഷിക്കുന്നത്. കേസിന്റെ രണ്ടാഘട്ട അന്വേഷണത്തിന്റെ ആദ്യ പടിയായാണ് റമീസിന്റെ അറസ്റ്റ്. നാലാംതവണ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ ശിവശങ്കറിന്റേയും സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ന്നും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

മുസ്ലീം ലീഗ് നേതാവ്  പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് റമീസ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഇയാളെ അറിയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.