LogoLoginKerala

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാം; സ്റ്റേ ഹൈക്കോടതി നീക്കി

 
VK Ibrahim kunju
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം
തകർന്നതുമായി ബന്ധപെട്ട നിർമാണ അഴിമതിയിൽ നടന്ന കള്ളപ്പണ ഇടപാട് കേസിൽ മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം തുടരാമെന്ന്
ഹൈക്കോടതി.
 അന്വേഷണത്തിനെതിരേയുള്ള സ്‌റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
നേരത്തെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഇബ്രാഹിംകുഞ്ഞ് സ്റ്റേ നേടി. ആ സ്റ്റേ ആണ് ഇപ്പോള്‍ ഹൈക്കോടതി നീക്കിയിരിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും ഇതില്‍ വളരെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ഉണ്ടെന്നും ഇ.ഡി. കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേ ഇ.ഡിയ്ക്ക് സ്വമേധയാ കേസ് എടുത്ത് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സംസ്ഥാന വിജിലന്‍സ് അടക്കം കണ്ടെത്തിയിട്ടുള്ളത്.