പുറംകടലിലെ മയക്കുമരുന്നു വേട്ട; രക്ഷപ്പെട്ടവര്‍ ആന്‍ഡമാനില്‍, സംയുക്ത തിരച്ചിൽ
Tue, 16 May 2023

പുറംകടലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടെ കപ്പലില്‍ നിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപിലേക്ക് കടന്നതായി നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ സംയുക്ത തെരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ട ആറു പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്ന് എന്‍സിബി പറയുന്നു. പുറംകടലില്‍ കപ്പലില്‍ നിന്ന് 25,000 കോടി രൂപ വിപണിമൂല്യമുള്ള ലഹരിമരുന്നാണ് പിടികൂടിയത്. കപ്പല്‍ മുക്കി സംഘം രക്ഷപ്പെടുമ്പോള്‍ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി പാക്കറ്റുകള്‍ കണ്ടെത്താനും നാവിക സേനയുടെ സഹായത്തോടെ എന്‍സിബി ശ്രമം തുടങ്ങി.
കേസില്‍ പാക് തീവ്രവാദ സംഘടന അല്‍ ഖായ്ദയ്ക്ക് പങ്കുണ്ടെന്നാണ് എന്‍സിബി നല്‍കുന്ന സൂചന വിവരം. പിടിയിലായ സുബീര്‍ ദെറക്ഷാന്‍ഡ 'ഹാജി സലിം' എന്ന ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാത്തിലാണ് എന്‍ ഐ എ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചത്.
റിമാന്‍ഡിലായ പാക് സ്വദേശി സുബീര്‍ ദെറക്ഷാന്‍ഡയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി വിവിധ അന്വേഷണ ഏജന്‍സികളും നീക്കം ആരംഭിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സികളുടെ ദില്ലിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം കൊച്ചിയിലെത്തും. കേസില്‍ എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും ഉണ്ടാകും.