പാക്കിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
ശാസ്ത്രജ്ഞനെ സോഷ്യല്‍ മീഡിയയിലൂടെ ഹണിട്രാപ്പില്‍ പെടുത്തി

മുംബൈ- ചാരവൃത്തിക്കേസില്‍ ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനു കീഴിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ലാബ് ഡയറക്ടറായ പ്രദീപ് കുരുല്‍ക്കറാണ് അറസ്റ്റിലായത്. ചാരവൃത്തി ആരോപിച്ച് പുനൈയില്‍ നിന്നും മഹാരാഷ്ട്ര എ ടി എസാണ് അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ ഹണിട്രാപ്പില്‍ കുടുക്കിയാണ് ഇദ്ദേഹത്തില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് കരുതുന്നു.
നിരവധി മിസൈലുകള്‍ ഉള്‍പ്പെടെ ഡിആര്‍ഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളില്‍ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡിആര്‍ഡിഒയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് മുതിര്‍ന്ന എടിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വ്യാഴാഴ്ച പൂനെയിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.
മുതിര്‍ന്ന ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഹണിട്രാപ്പില്‍ കുടുക്കിയതെന്നാണ് സൂചന. സ്ത്രീകളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ട്രാപ്പിലാക്കിയ ഇദ്ദേഹത്തില്‍ നിന്ന് പിന്നീട് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്ത്രപരമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വോയ്സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ആളുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ചില തന്ത്രപ്രധാനമായ വിവരങ്ങള്‍ അവരുമായി പങ്കിട്ടതായി സംശയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.