LogoLoginKerala

ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കില്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചു

 
doctors strike


തിരുവനന്തപുരം- കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ കേരള ഘടകം ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖല, സഹകരണ മേഖല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ മേഖലയിലും സമരം നടക്കും. നാളെ രാവിലെ വരെ സമരം തുടരാനാണ് ഇപ്പോഴുള്ള തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണ്ണമായും അടച്ചിട്ടു. മറ്റിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമായി ചുരുക്കിയതായി കെ.ജി.എം.ഒ.എ അറിയിച്ചു. ഹൗസ് സര്‍ജന്‍മാര്‍ പൂര്‍ണ്ണമായും പണിമുടക്കുകയാണ്.  ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ സമരം എത്ര സമയം വരെ തുടരണമെന്ന് തീരുമാനിക്കുമെന്നും ഐഎംഎ അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊട്ടാരക്കര നഗരത്തിലൂടെയാണ് പ്രതിഷേധം നടക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.