ഡോക്ടര്‍മാര്‍ സമരം തുടരുന്നു, ഐഎംഎ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി
കൊച്ചി-കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തിവന്ന സമരം തുടരുന്നതിനിടെ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. വന്ദനയുടെ മരണത്തില്‍ പ്രതിഷേധം തുടരുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും, കെ ജി എം ഒ എയും അറിയിച്ചിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡോക്ടര്‍മാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാക്കാനായാണ് ഐഎംഎ അടക്കമുള്ള സംഘടനകളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സംഘടനകളും ആവശ്യപ്പെട്ടു. പിന്നാലെയാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സംസ്ഥാന വ്യപക പ്രതിഷേധം തുടരാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം. ആരോഗ്യ പ്രവര്ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎയും അറിയിച്ചിരുന്നു. അതേസമയം അത്യാഹിത വിഭാഗങ്ങളില്‍ സേവനം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചാണ് സമരം നടക്കുന്നത്.