LogoLoginKerala

ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ആവശ്യപ്പെടുന്നത് രേഖാമൂലമുള്ള ഉറപ്പുകള്‍

ഡല്‍ഹിയിലേക്ക്, സമവായമായാല്‍ ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം
 
dk sivakumar
ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് ഡല്‍ഹിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ  സന്ദര്‍ശിച്ച് ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണെന്ന് ആവശ്യപ്പെട്ടു.


ബംഗളൂരു:  കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ പേര് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദമുന്നയിച്ച പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും.

മുഖ്യമന്ത്രി പദം രണ്ടു ടേമുകളായി പങ്കുവെക്കുകയാണെങ്കില്‍ ആദ്യ ഊഴം തനിക്ക് ലഭിക്കണമെന്ന നിലപാടിലാണ് ശിവകുമാര്‍. എന്നാല്‍ സിദ്ധരാമയ്യക്കാണ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷ പിന്തുണ എന്നതിനാല്‍ ഈ വാദം അംഗീകരിക്കപ്പെടില്ലെന്ന് ശിവകുമാറിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ശിവകുമാര്‍ ആവശ്യപ്പെടും. അവസാന രണ്ടര വര്‍ഷം തന്നെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള ഉറപ്പും പരസ്യ പ്രഖ്യാപനവുമായിരിക്കും ശിവകുമാര്‍ ആവശ്യപ്പെടുക. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി പദവി പങ്കുവയ്ക്കുമെന്ന ധാരണ ഉണ്ടായെങ്കിലും ഫലവത്തായില്ല എന്നത് ഡി.കെ ശിവകുമാര്‍ ഓര്‍മിപ്പിക്കുന്നു. ശിവകുമാറിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായാല്‍ കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.

ഇന്നലെ ഡല്‍ഹിയിലെത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെങ്കിലും ശിവകുമാര്‍ വയറുവേദനയുടെ പേരില്‍ ഡല്‍ഹിയിലെത്താന്‍ അസൗകര്യമറിയിക്കുകയായിരുന്നു. ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ സഹോദരന്‍ ഡി കെ സുരേഷ് തിങ്കളാഴ്ച ഡല്‍ഹിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ  സന്ദര്‍ശിച്ച് ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണെന്ന് ആവശ്യപ്പെട്ടു. ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി.  ഇന്നലെ മുതല്‍ സിദ്ധരാമയ്യ ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്. ഭൂരിപക്ഷം എം എല്‍ എമാരുടെ പിന്തുണ തനിക്കാണെന്ന് സിദ്ധരാമയ്യ ഇന്നലെ പറഞ്ഞത് വിവാദമായിരുന്നു. ഇതിലുള്ള അതൃപ്തി ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ അറിയിച്ചു. ഇതിന് പിന്നാലെ വൊക്കലിംഗ സമുദായ നേതൃത്വം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണെന്നാവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു.

ഇന്നലെയായിരുന്നു ശിവകുമാറിന്റെ ജന്മദിനം. പാര്‍ട്ടി ജന്മദിനസമ്മാനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന വാക്കുകളിലൂടെ മുഖ്യമന്ത്രി പദവി ലഭിക്കാത്തത്തിലെ അസ്വസ്ഥതയും വ്യക്തമാക്കി.വലിയ വിജയം തന്റെ കഷ്ടപ്പാടിന്റെ ഫലമെന്നാണ് പല തവണ ശിവകുമാര്‍ അവകാശവാദം ഉയര്‍ത്തിയത്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം വിജയത്തിന്റെ ശോഭ കെടുത്തുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്.