LogoLoginKerala

മുഖ്യമന്ത്രിപദത്തില്‍ ഇടഞ്ഞ് ശിവകുമാറും സിദ്ധരാമയ്യയും, ഹൈക്കമാന്‍ഡ് തീരുമാനിക്കും

 
dk sivakumar and siddaramayya

ബെംഗളൂരു- കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത് പുത്തരിയില്‍ കല്ലുകടിയായി. നിയസഭാ തിരഞ്ഞെടുപ്പില്‍ വിജയശില്‍പിയായ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കം ശക്തമാക്കി. മുഖ്യമന്ത്രി പദം ആദ്യ രണ്ടര വര്‍ഷം മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കും രണ്ടാമത്തെ ടേം ഡി കെ ശിവകുമാറിനും എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ധാരണ. അദ്യ ടേമില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഡി കെ ശിവകുമാറിന് പ്രധാനപദവി നല്‍കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ആദ്യ ടേമില്‍ തനിക്ക് മുഖ്യമന്ത്രി പദം നല്‍കണമെന്നും സിദ്ധരാമയ്യക്ക് കീഴില്‍ രണ്ടാമനായി മന്ത്രിസഭയിലിരിക്കാന്‍ താല്‍പര്യമില്ലെന്നും ശിവകുമാര്‍ ഹൈക്കമാന്‍്ഡിനെ അറിയിച്ചതോടെയാണ് പ്രതിസന്ധി ഉരുത്തിരിഞ്ഞത്.

ന്ന് വൈകീട്ട് നിയമസഭാ കക്ഷി യോഗം ചേരുമെങ്കിലും നിയമസഭാ കക്ഷി നേതാവ് ആരാണെന്ന തീരുമാനം ഇന്നുണ്ടായേക്കില്ല. ഇക്കാര്യത്തില്‍ ഡല്‍ഹിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. ഇന്നത്തെ നിയമസഭ കക്ഷി യോഗത്തില്‍ സമവായമുണ്ടാകില്ലെന്ന് ഉറപ്പായതോടെ  ഹൈക്കമാന്റ് മൂന്ന് നിരീക്ഷകരെ സംസ്ഥാനത്ത് ചുമതലപ്പെടുത്തി. സുശീല്‍ കുമാര്‍ ഷിണ്ടെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവര്‍ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം നീളാനാണ് സാധ്യത.

ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികളും മുഖ്യമന്ത്രി പദത്തിനായി ചേരി തിരഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയായി ഇരുവരെയും ചിത്രീകരിച്ച് സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അനുയായികള്‍ ഫ്‌ലെളക്സ് ബോര്‍ഡ് സ്ഥാപിച്ചു. നേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ ബോര്‍ഡുകള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു നേതാക്കളും ആരാധകരും മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും സമവായത്തിലൂടെ യോജിച്ച ഒരു തീരുമാനം ഉണ്ടാക്കുമെന്നും എ.ഐ.സി.സി നേതൃത്വം പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ബെംഗളൂരുവില്‍ ചേരുമെന്നും പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നും ജനം ആഗ്രഹിച്ച ഭരണമാണ് കര്‍ണാടക ഇനി കാണാനിരിക്കുന്നതെന്നും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണെങ്കിലും കര്‍ണാടക വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും ചെന്നെത്തുന്നത് ഡി.കെ ശിവകുമാറിലാണ്. സംഘപരിവാര്‍ കേന്ദ്രങ്ങളോട് പണം കൊണ്ടും കായികമായും മറ്റും ഏത് നിലയ്ക്കും മുട്ടാനും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഡി.കെക്കു സാധിക്കുന്നുണ്ട്. എന്നാല്‍, സിദ്ധരാമയ്യയുടെ പരിചയസമ്പത്തും ക്ലീന്‍ ഇമേജും കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും അതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയും ആക്കണമെന്നാണ് പൊതുവേ ഉയരുന്ന വികാരം.