2000 രൂപാ നോട്ടിന്റെ നിരോധനം ഇന്ത്യന്‍ കറന്‍സിയുടെ സ്ഥിരത നഷ്ടപ്പെടുത്തും
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ദീര്‍ഘവീക്ഷണമില്ലെന്ന് പിണറായി
ഇന്ത്യന്‍ കറന്‍സിയെ അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടാന്‍ നോട്ട് നിരോധനം കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി രാജ്യം മെല്ലെ മെല്ലെ കരയറുമ്പോഴാണ് 2000 രൂപ നോട്ടും പിന്‍വലിക്കുന്നത്. ഇതോടെ കറന്‍സി അസ്ഥിരതയുള്ള ഒന്നായി കണക്കാക്കപ്പെടും. ദീര്‍ഘ വീക്ഷണത്തോടെ അല്ല രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാര വ്യവസായ മേഖല നോട്ട് നിരോധനത്തിലൂടെ കൂപ്പ് കുത്തുകയാണ് ചെയ്തത്. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്ക് പോലും ജിഎസ്ടി ഏര്‍പ്പെടുത്തി. കേരളം ഉള്‍പ്പെടെ ഇക്കാര്യത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാലത് മറച്ചുവെച്ച് കേന്ദ്രത്തോടൊപ്പം കേരളവും ചേര്‍ന്നാണ് നികുതി ഏര്‍പ്പെടുത്തിയത് എന്ന് ചിലര്‍ പറഞ്ഞുപരത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഒരുഭാഗത്ത് കേന്ദ്രം തൊഴിലാളികളെ പട്ടിണിക്കിട്ടു കൊല്ലുമ്പോള്‍ മറുഭാഗത്ത് കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.ഇതിലേതാണ് വ്യവസായ സൗഹൃദം എന്ന് മനസ്സിലാക്കണം. ബഹു രാഷ്ട്രകമ്പനികള്‍ വരെ ഇവിടെ നിക്ഷേപം നടത്തുകയാണ്. നിരവധി വന്‍കിട കമ്പനികള്‍ വരെ കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നു. കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം അല്ലെന്ന പ്രചാരണത്തിന് പുറകില്‍ നിക്ഷേപകരല്ല, നിക്ഷിപ്ത താല്പര്യക്കാരാണ്. കേരളത്തെ ഇകഴ്ത്തി കാട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം. കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യംവെച്ചതെങ്കില്‍ 140000 സംരംഭം ആരംഭിക്കാനായെന്നും 8500 കോടിയുടെ നിക്ഷേപം ഇതിലൂടെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.