അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം തുടങ്ങി
തിരുവനന്തപുരം: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം തുടങ്ങിയതായും അറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും, തുലാവര്‍ഷം തുടക്കത്തില്‍ ദുര്‍ബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 23, 24 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.