തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് വരുന്ന ഞായറും തിങ്കളും മഴ കനക്കും
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പട്ടതിനാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ഞായറും തിങ്കളും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ട ഏഴ് ജില്ലകളിയ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അലര്‍ട്ട്. തിങ്കളാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.