LogoLoginKerala

ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിരോധനം നീട്ടി, 8 വരെ സ്‌കൂളുകള്‍ അവധി

 
manipur


ഇംഫാല്‍-മണിപ്പുരില്‍ വംശീയ കലാപം അനിയന്ത്രിതമായി തുടരുന്നതിനിടെ തലസ്ഥാനമായ ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊബൈല്‍- ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി. മിക്കയിടങ്ങളിലും സംഘര്‍ഷാവസ്ഥ രൂക്ഷമായി തന്നെ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി സൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം നടത്താന്‍ തീരുമാനമായി. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അര്‍ധസൈനിക വിഭാഗങ്ങളില്‍ ഓരോ വിഭാഗങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനമായി. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ വെടിവയ്പ്പും അക്രമങ്ങളുമുണ്ടായതിനാല്‍ ചില സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന് സംസ്ഥാന പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അതേസമയം മിക്ക ജില്ലകളിലും സ്ഥിതി നിയന്ത്രണവിധേയമാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മെയ്തികളെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് വംശീയ സംഘര്‍ഷത്തിലേക്ക് മണിപ്പൂര്‍ നീങ്ങിയത്.