'ഗാന്ധിജി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ' പാംപ്ലാനിക്കെതിരെ ജയരാജന്‍മാര്‍
കണ്ണൂര്‍- രാഷ്ട്രീയ രക്തസാക്ഷിയായ ഗാന്ധിജി പാലത്തില്‍ നിന്ന് വീണു മരിച്ചതാണോ എന്ന് ഇടതു മുന്നണി കണ്‍വനീര്‍ ഇ പി ജയരാജന്‍. മഹാത്മാഗാന്ധിയെ വരെ അപമാനിക്കുന്ന പ്രസ്താവനയായിപ്പോയി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി നടത്തിയതെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ബിഷപ്പിന്റെ നടപടി തെറ്റാണെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തിയപ്പോള്‍ അത്രമാത്രം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നതെന്ന് പി. ജയരാജന്‍ പ്രതികരിച്ചു.
രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാന്‍ ആണ് പ്രസ്താവന.എന്താണ് ലക്ഷ്യം- ഇ പി ജയരാജന്‍ ചോദിച്ചു. ഉന്നത സ്ഥാനത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്.അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ലെന്ന് ഇ പി പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ രക്തസാക്ഷി മഹാത്മാഗാന്ധിയാണെന്ന് പി ജയരാജനും ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിക്ക് ആരുമായി കലഹിച്ചിട്ടാണ് ജീവന്‍ വെടിയേണ്ടി വന്നത്. അദ്ദേഹം അഹിംസാ മന്ത്രത്തിന്റെ പ്രധാനപ്പെട്ട വക്താവാണ്. പ്രാര്‍ഥനയ്ക്കായി നടന്നുവരുമ്പോഴാണ് അദ്ദേഹത്തെ ഗോഡ്സെയും കൂട്ടരും വെടിവെച്ച് കൊന്നത്. അതുപോലെയുള്ള ഹീനകൃത്യത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ആളുകളെയൊക്കെ അപമാനിക്കുന്ന പ്രസ്താവനയാണ് ആര്‍ച്ച് ബിഷപ്പ് നടത്തിയതെന്ന് പി. ജയരാജന്‍ പറഞ്ഞു.
എന്നാല്‍, പാംപ്ലാനി പിതാവിന്റെ നേരത്തേയുള്ള പ്രസ്താനവകളെല്ലാം നോക്കുമ്പോള്‍ ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. നേരത്തെ, റബ്ബറിന് 300 രൂപയാക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് ജനപ്രതിനിധിയില്ലാത്ത വിഷമം മാറ്റിക്കൊടുക്കുമെന്നതടക്കം പ്രസ്താവന നടത്തിയ ആളാണ്. അത് അദ്ദേഹത്തിന്റെ സഭയിലെ വിശ്വാസികളടക്കം അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്. ഇതുപോലെയുള്ള പ്രസംഗത്തില്‍ നടത്തുന്ന പ്രസ്താവനയെക്കുറിച്ച് അത്രമാത്രം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി.