LogoLoginKerala

ബിഷപ്പിന്റെ പ്രസംഗം മലയോര ജനത തള്ളിക്കളയും: സി പി എം

 
mv jayarajan
വൈദികശ്രേഷ്ഠര്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കര്‍ഷകറാലിയിലെ ബിഷപ്പിന്റെ പ്രസംഗം

കണ്ണൂര്‍- തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ആശയം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രസംഗം ന്യൂനപക്ഷ വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപിയെ ന്യായീകരിക്കുന്നതായിപ്പോയി. കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷ വേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ ജന്തര്‍മന്തിറില്‍ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ നടന്ന ന്യൂനപക്ഷ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്ത വൈദികശ്രേഷ്ഠര്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കര്‍ഷകറാലിയിലെ ബിഷപ്പിന്റെ പ്രസംഗം. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നു റാലി. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകള്‍ക്കും ക്രിസ്തീയ ദേവാലയങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്കെതിരെയാണ് വൈദികര്‍ പ്രതികരിച്ചത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ മോദി ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 400 ശതമാനമായി വര്‍ധിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തലുണ്ട്. യോഗിഭരിക്കുന്ന ഉത്തര്‍പ്രദേശിന് പുറമേ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അക്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് റേഷനും ശ്മശാന സ്ഥലവും നിഷേധിക്കപ്പെട്ട സംഭവങ്ങള്‍, പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍, ഘര്‍വാപ്പസി എന്ന പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ഈ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്ന് ബിഷപ്പുമാര്‍ ലോകത്തോട് വിളിച്ചുപറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളില്‍ ഒരാള്‍ പോലും ക്രിസ്ത്യാനിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.