LogoLoginKerala

സി പി ഐ ഇനി പ്രാദേശിക പാര്‍ട്ടി, ആം ആദ്മി ദേശീയ പാര്‍ട്ടിയായി

എന്‍ സി പി തൃണമൂല്‍ പാര്‍ട്ടികള്‍ക്കും ദേശീയപദവി നഷ്ടം

 
national party
ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., ബി.എസ്.പി., നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി. എന്നീ പാര്‍ട്ടികള്‍ മാത്രമാണ് ഇനി ദേശീയ പാര്‍ട്ടികള്‍.

ന്യൂഡല്‍ഹി- ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പ്രാദേശിക പാര്‍ട്ടികളായി മാറി. അതേസമയം പ്രാദേശിക പാര്‍ട്ടിയായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., ബി.എസ്.പി., നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എ.എ.പി. എന്നീ പാര്‍ട്ടികള്‍ മാത്രമാണ് ഇനി ദേശീയ പാര്‍ട്ടികള്‍.
ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്‌സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല. വരാനിരിക്കുന്ന കര്‍ണ്ണാടക അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും അവരുടെ ചിഹ്നങ്ങള്‍ അനുവദിക്കില്ല. 
പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതു കേന്ദ്രമായി നിലനിന്ന സിപിഐ ശോഷിച്ചുവെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. കേരളത്തില്‍ മാത്രമാണ് സിപിഐക്ക് സ്വാധീനം. തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഭാഗമായി നിന്ന് ആറുശതമാനം വോട്ട് സിപിഐക്ക് ലഭിച്ചിരുന്നു. കേരളത്തിലെ അധികാരത്തിന് പുറമേ ബംഗാള്‍, ത്രിപുര, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളില്‍ ആറുശതമാനത്തിലധികം വോട്ട് ലഭിച്ചതാണ് ദേശീയ പദവിയില്‍ തുടരാന്‍ സിപിഎമ്മിനെ സഹായിച്ചത്.
ദേശീയപദവിക്ക് വേണ്ടത്: നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി വേണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ആറു ശതമാനത്തിലധികം വോട്ട് നാല് സംസ്ഥാനങ്ങളിലെങ്കിലും നേടണം. കുറഞ്ഞത് നാല് എംപിമാരെങ്കിലും അവസാന ലോക്സഭാ ഇലക്ഷന് വിജയിക്കണം. മൂന്നു സംസ്ഥാനങ്ങളിലായി ആകെ രണ്ടു ശതമാനം എങ്കിലും നേടണം.