LogoLoginKerala

മറുനാടന്‍ ഷാജനെ അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ല, ഷാജന്റെ ഹര്‍ജി കോടതി തള്ളി

 
marunadan

കൊച്ചി- മറുനാടന്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം തടയണമെന്നായിരുന്നു ഷാജന്റെ അപേക്ഷ. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും.

ഷാജന്‍സ്‌കറിയ മറുനാടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തനിക്കെതിരെ  നിരന്തരമായി വ്യക്ത്യധിക്ഷേപം നടത്തുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു പി.വി. ശ്രീനിജിന്‍ എം.എല്‍.എ പോലീസിന് നല്‍കിയ പരാതി. കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസില്‍ പരാതി നല്‍കിയത്. എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ഋജു എന്നിവരെ പ്രതികളാക്കി  എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി പീഢനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഢന വകുപ്പ് ചുമത്തിയാല്‍ ജാമ്യം ലഭിക്കില്ലെന്നതിനാല്‍ അറസ്റ്റ് ഭീതിയിലാണ് ഷാജന്‍ സ്‌കറിയ. 

മഹാരാജാസ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തക്കെതിരെ പോലീസ് കേസെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഷാജന്‍സ്‌കറിയക്കെതിരെ ഒന്നിന് പുറകെ മറ്റൊന്നായി കേസുകളുടെ പരമ്പര വരുന്നത്. അറസ്റ്റിന്റെ വക്കില്‍ നില്‍ക്കുമ്പോഴും ഇദ്ദേഹത്തെ പിന്തുണക്കാന്‍ സാംസ്‌കാരിക മേഖലയില്‍ നിന്നോ മാധ്യമ മേഖലയില്‍ നിന്നോ പ്രമുഖരാരും മുന്നോട്ടുവരുന്നില്ല. വ്യാജവാര്‍ത്തകളിലൂടെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷാജന്‍സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ല, മാധ്യമ വ്യഭിചാരമാണെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണം.