സ്പീക്കറുടെ പ്രസ്താവനയിൽ വിവാദം കനക്കുന്നു; പ്രതിഷേധം ശക്തമാക്കി എൻഎസ്എസ്, പിന്തുണയുമായി കോൺഗ്രസും ബിജെപിയും.
സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്താവനയുടെ പേരിൽ രാഷ്ട്രീയ പോര് കനക്കുകയാണ്. എൻഎസ്എസ് അടക്കമുള്ള സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വിഷയം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറി. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുൾപ്പെടെ കേരളത്തിലുടനീളം ബിജെപി.യും യുവമോർച്ചയും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പിന്നാലെ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. ഇതോടെ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് കാര്യങ്ങൾ വഴിമാറിയിരിക്കുന്നത്.
എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗം. ‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണെന്ന് സ്ഥാപിക്കുന്നു, പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ,പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു ഷംസീറിന്റെ പ്രസംഗം.
സ്പീക്കർ ഹൈന്ദവവിശ്വാസത്തെയും ദൈവങ്ങളെയും പരിഹസിച്ചുവെന്ന വിമർശനം ഇതോടെ ഉയർന്നു. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ചിനിടെ ജനറൽ സെക്രട്ടറി കെ. ഗണേഷ് നടത്തിയ പ്രസംഗം സിപിഎമ്മിനെ ചൊടിപ്പിച്ചു. ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് കരുതരുതെന്നായിരുന്നു പ്രസംഗം. ഷംസീറിന് നേരെ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജൻ തിരിച്ചടിച്ചു. ഇതോടെ കനത്ത രാഷ്ട്രീയ പോരിന് വിഷയം വഴിമാറി. ഇതിനിടയിലാണ് ഷംസീറിന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി വ്യക്തമാക്കി എൻഎസ്എസ് രംഗത്തെത്തിയത്. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും സ്പീക്കറുടെ പരാമര്‍ശം ഹൈന്ദവരുടെ ചങ്കില്‍തറച്ചുവെന്നും മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടു. സംസ്ഥാനമെമ്പാടും നാമജപ പ്രതിഷേധങ്ങൾ ഉയർന്നു. മതവികാരത്തെ ആര് വൃണപ്പെടുത്തിയാലും അത് തെറ്റാണെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ കോൺഗ്രസ് നേതാക്കളും വിമർശനം ഉയർത്തി. ശബരിമാല പ്രതിഷേധ മാതൃകയിൽ വിഷയം കനക്കുമ്പോഴും ഷംസീറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് സിപിഎം. മാപ്പുമില്ല, തിരുത്തുമില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസികൾ തനിക്കൊപ്പമാണെന്നും പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഷംസീറും പ്രതികരിച്ചു. നിലപാട് തിരുത്താൻ തയാറാകാത്ത സ്പീക്കർക്കും മുന്നണിക്കുമെതിരെ കടുത്ത പ്രതിഷേധ പരിപടാികൾക്കാണ് എൻഎസ്എസ് അടക്കമുള്ള സംഘനടകളുടെ തീരുമാനം.