LogoLoginKerala

വിലപേശലുകള്‍ക്കൊടുവില്‍ സമവായം, മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, പ്രതിജ്ഞ 20ന്

 
sidharamayya

ന്യൂഡല്‍ഹി- നാല്‌ ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക് സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഉപമുഖ്യമന്ത്രി പദത്തിന് പുറമെ ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും. കര്‍ണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും. മന്ത്രിസഭയിലെ ഏക ഉപപ്രധാനമന്ത്രിയായിരിക്കും ശിവകുമാര്‍. ആദ്യ 2 വര്‍ഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വര്‍ഷം ശിവകുമാറിനും നല്‍കാമെന്നതാണ് ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല. എന്നാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമായ ഉറപ്പു വേണമെന്ന നലപാടില്‍ ശിവകുമാര്‍ ഉറച്ചു നിന്നു. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു. നേരത്തെ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമായിരിക്കണമെന്ന ശിവകുമാറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതായാണ് സൂചനി. കൂടാതെ  മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ താന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് നല്‍കണമെന്നും  ശിവകുമാര്‍ ആവശ്യപ്പെടുന്നു.