കര്‍ണാടകം 'കൈ'പ്പിടിയിലാക്കി കോണ്‍ഗ്രസ്, ബിജെപി തകര്‍ന്നു, ജെ ഡി എസ് അപ്രസക്തം
കോണ്‍ഗ്രസ് 137, ബിജെപി 63, ജെഡിഎസ് 21
ബെഗളൂരു- രാജ്യം ഉറ്റുനോക്കിയ കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ദക്ഷിണേന്ത്യയില്‍ നിന്ന് തുരത്തി കോണ്‍ഗ്രസ്. 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 137 സീറ്റുകള്‍ നേടി കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ 40 സീറ്റുകള്‍ ന്ഷ്ടമായ ബിജെപി 63 സീറ്റിലൊതുങ്ങി. ജെഡിഎസ് 21 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും ജയം നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എക്സിറ്റ്പോളുകളുടെ പ്രവചനങ്ങള്‍ക്ക് അപ്പുറത്ത് കേവലഭൂരിപക്ഷവും കടന്ന് പടുകൂറ്റന്‍ വിജയമായിരുന്നു കോണ്‍ഗ്രസ് നേടിയത്.
തീരദേശമേഖലയും ബംഗലുരുവും ഒഴികെ എല്ലാ മേഖലയിലും കോണ്‍ഗ്രസ് കടന്നുകയറിയപ്പോള്‍ കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകത്തില്‍ ആരും തന്നെ ഭരണതുടര്‍ച്ച നേടിയിട്ടില്ല എന്ന റെക്കോഡ് ഇത്തവണയും തകര്‍ക്കപ്പെടാതെ തുടര്‍ന്നു. വൊക്കലിംഗ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ഓള്‍ഡ് മൈസൂരുവില്‍ കോണ്‍ഗ്രസ് 39% ല്‍ അധികം വോട്ട് നേടി. നഗര മേഖല, ഓള്‍ഡ് മൈസൂരു, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക തുടങ്ങിയിടങ്ങളിലെല്ലാം കോണ്‍ഗ്രസിനാണ് ലീഡ്. തീരദേശ മേഖലയില്‍ ബിജെപിക്കാണ് മേല്‍ക്കൈ.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ബിജെപിയില്‍ നിന്നും വിമതരായി കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചവരുമെല്ലാം വിജയിച്ചു കയറി. കഴിഞ്ഞ തവണ കാണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയിലേക്ക് ചാടിയ 15 എംഎല്‍എമാരില്‍ ഒരാളായ ജാര്‍ക്കിഹോളിയും ജയം നേടി. അതേസമയം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും തോറ്റവരിലെ പ്രമുഖരായി മാറി.
കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തിലും വന്‍ വര്‍ദ്ധധനവ് ഉണ്ടായി. ഇത്തവണ 42 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്. 2018 ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 38.14 ശതമാനമായിരുന്നു. 36.35 ശതമാനം ഉണ്ടായിരുന്ന ബിജെപിയുടെ വോട്ടുഷെയര്‍ ഇത്തവണ 36.1 ശതമാനമായ കുറഞ്ഞു. കനത്ത തിരിച്ചടി നേരിട്ടത് ജെ.ഡി.എസിനായിരുന്നു. കഴിഞ്ഞ തവണ 18.3 ശതമാനം വോട്ടുഷെയര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ അത് 13.1 ശതമാനമായി കുറഞ്ഞു. ജെ.ഡി.എസിന് നഷ്ടമായ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നേട്ടമായത്.
തുടക്കത്തില്‍ പോസ്റ്റല്‍വോട്ടുകളില്‍ കിട്ടിയ മുന്‍തൂക്കം ഒഴികെ ഒരു സമയത്തും ബിജെപിയ്ക്ക് മുമ്പിലെത്താനായില്ല. വോട്ടിംഗ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പടിപടിയായി നില ഉയര്‍ത്തി. ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയതെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റും പിന്നിട്ട്് കുതിക്കുകയായിരുന്നു.
നരേന്ദ്രമോഡി പ്രചരണത്തിന് എത്തി തരംഗം തീര്‍ത്ത ബംഗളൂരു നഗരമേഖലയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. മോഡി 19 ലധികം പൊതുപരിപാടികളും ആറ് റോഡ്ഷോയും നടത്തിയ ബംഗലുരു മേഖല് ബിജെപിയെ കൈവിട്ടത് നേതാക്കളെ ഞെട്ടിച്ചു.
എക്സിറ്റ്പോളുകളെല്ലാം കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന സൂചനകളാണ് നല്‍കിയിരിക്കുന്നത്. ബിജെപി ഭരണതുടര്‍ച്ച നേടുമെന്ന് കരുതുന്നത് കുറച്ച് സര്‍വേകള്‍ മാത്രമായിരുന്നു. കൂട്ടുകക്ഷി ഭരണം വരുമെന്നാണ് കൂടുതല്‍ സര്‍വേഫലങ്ങളും പ്രവചിച്ചത്. കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസിന് നേടാനായത് 20 ലധികം സീറ്റുകള്‍ മാത്രമായിരുന്നു.
തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവര്‍-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നിട്ടു നിന്നത്. പ്രിപോള്‍ സര്‍വെകളിലെ പ്രവചനം ശരിവെക്കുന്ന പ്രവണതകളാണ് തുടക്കത്തില്‍ ലഭിച്ചതെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ കോണ്‍ഗ്രസ് തീരമേഖലയൊഴികെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും മുന്നിലെത്തുകയാണ്.
വിജയസൂചനയെ തുടര്‍ന്ന് കര്‍ണാടകത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. എ ഐ സി സി ആസ്ഥാനത്തും ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു. രാഹുല്‍ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും വിജയമെന്നാണ് ഹൈക്കമാന്‍ഡ് പ്രതികരിച്ചത്. കര്‍ണാടക തങ്ങള്‍ എടുക്കുകയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എ ഐ സി സി വക്താവ് പറഞ്ഞു. 'ഞാന്‍ അജയ്യനാണ്, എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, അതെ, ഇന്ന് എന്നെ തടയാനാവില്ല' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.