LogoLoginKerala

കോര്‍പറേഷന് മുന്നിലെ അക്രമം 500 ഓളം പേര്‍ക്കെതിരെ കേസ്, നാലു പേര്‍ അറസ്റ്റില്‍

കോര്‍പറേഷന്‍ ജീവനക്കാരെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
 
 
congress violance

കൊച്ചി- കോര്‍പറേഷന്‍ ഉപരോധ സമരത്തിനിടെ നടന്ന അക്രമ സംഭവങ്ങളും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ സുഭാഷ് പാര്‍ക്കില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോര്‍പ്പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒ.വി.ജയരാജിനും മറ്റ് മൂന്ന് പേര്‍ക്കും എതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. ഇതില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 
നിയമം ലംഘിച്ച് നടത്തിയ കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം 500 പേര്‍ക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേരല്‍, വഴി തടയല്‍, എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ കേസില്‍ നാലു പേരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ലാല്‍വര്‍ഗീസ് കോര്‍പറേഷന്‍ സെക്രട്ടറിയെ ആക്രമിച്ച കേസിലും പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍ അടക്കം 25 ഓളം പ്രതികളാണ് ഈ കേസിലുള്ളത്. 
കേസില്‍ അറസ്റ്റിലായവര്‍ നേരത്തെ പോലീസ് വാഹനം ആക്രമിച്ച കേസിലും പ്രതികളാണ്. ഉപരോധ സമരത്തില്‍ പ്രതിചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായി അറിയുന്നു.