LogoLoginKerala

സത്യഗ്രഹസമരം അക്രമസമരമായി, കോര്‍പറേഷന്‍ സെക്രട്ടറിയെയടക്കം വളഞ്ഞിട്ട് തല്ലി

കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളെന്ന് കെ സുധാകരന്‍,
മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഡി സി സി പ്രസിഡണ്ട്
 
congress attack
മുഖ്യമന്ത്രി ചെറ്റയെന്ന് കെ പി സി സി പ്രസിഡണ്ട്

കൊച്ചി-ബ്രഹ്മപുരം വിഷയത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സത്യഗ്രഹ സമരം അക്രമസമരമായി മാറി. നേതാക്കള്‍ പോലീസിനെയും കോര്‍പറേഷന്‍ ജീവനക്കാരെയും തല്ലി കാലൊടിക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ അണികള്‍ കോര്‍പറേഷന്‍ ജീവനക്കാരെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറിനടക്കം മര്‍ദനമേറ്റു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയ വണ്‍ ക്യാമറാമാന്‍ അനില്‍ എം ബഷീറിനും മര്‍ദനമേറ്റു.
കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളാണെന്നും പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സമരം ഉദ്ഘാടനം ചെയ്ത കെ പി സി സി പ്രസിഡണ്ട് സുധാകരന്‍ പറഞ്ഞു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ കാല്‍മുട്ട് അടിച്ചൊടിക്കുമെന്ന് അസി.കമ്മീഷണര്‍ ജയകുമാറിനെയും സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിനെയും പേരെടുത്ത് പറഞ്ഞ് ഷിയാസ് ഭീഷണി മുഴക്കി. അസിസ്റ്റന്റ് കമ്മീഷണറെ നാറിയെന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ സത്യാഗ്രഹസമരമാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അത് ഉപരോധസമരമാക്കുകയായിരുന്നു. രാവിലെ ആറ് മണിക്ക് കോര്‍പറേഷന് മുന്നില്‍ സമരക്കാര്‍ ഉപരോധമേര്‍പ്പെടുത്തി. നീക്കം ചെയ്യാന്‍ ശ്രമിച്ച പോലീസുമായി ഉന്തും തള്ളുമുണ്ടായി. 
രാവിലെ കോര്‍പറേഷന്‍ ഓഫീസില്‍ കടക്കുന്നതിന് ജീവനക്കാര്‍ എത്തിയപ്പോഴാണ് ആദ്യം അക്രമമുണ്ടായത്. പൊലീസ് സംരക്ഷണയില്ലാതെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് എത്തിയ ജീവനക്കാരന് മര്‍ദനമേറ്റു. പ്രവര്‍ത്തകരുടെ ആക്രോശത്തില്‍ ഭയന്ന് തിരിച്ചു പോയ ജീവനക്കാരനെ പിന്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ വെച്ചാണ് ആക്രമിച്ചത്. പ്രവര്‍ത്തകര്‍ ഇയാളെ ചവിട്ടി വീഴ്ത്തി. ഉച്ചയായിട്ടും ഓഫീസില്‍ കടക്കാന്‍ കഴിയാതെ കോര്‍പറേഷന്‍ സെക്രട്ടറിയും സ്ത്രീകളടക്കമുള്ള ഏതാനും ജീവനക്കാരും കോര്‍പറേഷന് എതിര്‍വശത്തുള്ള സുഭാഷ് പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് സമരക്കാര്‍ അവിടേക്കെത്തിയത്. പാര്‍ക്കിലിരുന്ന് സമാന്തരമായി കോര്‍പറേഷന്‍ ഭരണം നടത്തുകയാണെന്ന് ആരോപിച്ചാണ് സമരക്കാര്‍ ഇവരെ ആക്രമിച്ചത്. കോര്‍പറേഷന്‍ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവര്‍സിയര്‍ സുരേഷിനും ഹെല്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ വിജയകുമാറിനും മര്‍ദ്ദനമേറ്റു. സ്ത്രീജീവനക്കാരടക്കം നോക്കി നില്‍ക്കെ പച്ചത്തെറിയുടെ അകമ്പടിയോടെയായിരുന്നു മര്‍ദനം. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ ഉദ്ഘാടന പ്രസംഗം. ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന്‍ ചോദിച്ചത്. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം പിരിച്ചുവിടണം. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. 

പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

കോര്‍പറേഷന്‍ ഓഫിസിനു മുന്നിലെ കോണ്‍ഗ്രസ് പ്രക്ഷോഭം പകര്‍ത്തുന്നതിനിടെ മീഡിയ വണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകനു നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതു ഭൂഷണമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.