കെ കെ ഷാജു കോണ്‍ഗ്രസ് വിട്ടു, തരികെ സി പി എമ്മിലേക്ക്
ആലപ്പുഴ - ദലിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.കെ ഷാജു കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം 12ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.പി.എമ്മില്‍ ചേരുമെന്നുമാണ് വിവരം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാജു പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. തുടര്‍ന്ന് സി.പി.എമ്മില്‍ അംഗമായി. കെ.ആര്‍ ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയപ്പോള്‍ അവര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് ജെ.എസ്.എസില്‍ ചേരുകയായിരുന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെ.എസ്.എസ് ടിക്കറ്റില്‍ എം.എല്‍.എയായി. ഗൗരിയമ്മ യു.ഡി.എഫ് വിട്ടപ്പോള്‍ അവരെ തുണക്കാതിരുന്ന ഷാജു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2011ല്‍ മാവേലിക്കരയില്‍ നിന്നും 2016ല്‍ അടൂരില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്തായാലും മാതൃസംഘടനയിലേക്കുള്ള മടക്കത്തില്‍ സന്തോഷമുണ്ടെന്ന് ഷാജു പ്രതികരിച്ചു.
12ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഷാജുവിനെ സി.പി.എമ്മിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.