LogoLoginKerala

കര്‍ണാടകയില്‍ സഖ്യംവിപുലീകരിക്കാന്‍ ഡി കെ; വൈ എസ് ശര്‍മിള ശിവകുമാറിനെ സന്ദര്‍ശിച്ചു

 
dk sivakumar
ബംഗളൂരു-2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവായ വൈ എസ് ശര്‍മിളയും കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശര്‍മിളയുടെ വൈഎസ്ആര്‍ടിപി കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഡിസംബറില്‍ ആണ് തെലങ്കാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് കെസിആര്‍ വിരുദ്ധ ചേരിയിലെ പ്രധാന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ആന്ധ്ര-തെലങ്കാന മേഖലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരമാവധി സമാന മനസ്‌കരായ പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
103 സീറ്റുകളുമായി ഭാരത് രാഷ്ട്ര സമിതി തെലങ്കാനയില്‍ ബഹുദൂരം മുന്നിലാണ്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം എഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് തെലങ്കാനയിലുള്ളത്. ഇതില്‍നിന്ന് വലിയൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍. 
2021ലാണ് ശര്‍മിള വൈ.എസ്.ആര്‍ തെലങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചത്. കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചുള്ള ശര്‍മിളയുടെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. ആറ് മാസം മാത്രമാണ് ഇനി തെലങ്കാന തെരഞ്ഞെടുപ്പിനുള്ളത്.