LogoLoginKerala

ഉമേഷ് കളക്ടറുടെ ചുമതലയേറ്റു, ബഹിഷ്‌കരിച്ച് ഡോ. രേണുരാജ്

 
Ernakulam collector
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ ഭാര്യയായ ഡോ. രേണുരാജ് എറണാകുളം ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞത് മുനവെച്ച പ്രതിഷേധ പ്രകടനത്തോടെ

കൊച്ചി- നീ വെറും പെണ്ണാണ് എന്ന് പറയുന്നതില്‍ പ്രതിഷേധമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് എറണാകുളം ജില്ലാ കളക്ടര്‍ പദവിയൊഴിഞ്ഞ ഡോ. രേണുരാജ്, പുതിയ കളക്ടറുടെ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് വയാനാട്ടിലേക്ക് തിരിച്ചു. എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ഡോ. രേണുരാജിന്റെ ബഹിഷ്‌കരണമാണ് ഏറെ ചര്‍ച്ചയായത്. 
ചുമതലയൊഴിയുന്ന കളക്ടര്‍ പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ തന്നെ സ്ഥലം മാറ്റിയതിലുള്ള അതൃപ്തി പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഡോ. രേണുരാജ് സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് പോലും സ്വീകരിക്കാന്‍ നിന്നില്ല. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കി കാറപകട കേസിലെ പ്രതിയായതോടെ പലരുടെയും കണ്ണിലെ കരടായി മാറിയ ശ്രീരാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ ഭാര്യയായ രേണു രാജിന് ശ്രീരാം വെങ്കിട്ടരാമന്റെ നാടായ എറണാകുളത്തെ കളക്ടറുടെ ചുമതല നല്‍കിയതിനെതിരെ നേരത്തെ തന്നെ മുറുമുറുപ്പുകളുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നിസ്സഹകരണവും അവഗണനയും രേണുരാജ് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം അടിയന്തരമായി ഇടപെട്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതില്‍ ഡോ. രേണുരാജിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനമുയര്‍ന്നത്. ഇതിന് തൊട്ടുപിന്നാലെ അവര്‍ എറണാകുളം കളക്ടര്‍ പദവിയില്‍ നിന്ന് തെറിച്ചു. 
മന്ത്രിസഭാ തീരുമാനം വന്നതിന് തൊട്ടുപിന്നാലെയാണ് നീ വെറും പെണ്ണാണ് എന്ന് പറയുന്നതില്‍ പ്രതിഷേധമുണ്ടെന്ന് രേണുരാജ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. 
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പുതുതായി ചുമതലയേറ്റ  കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് മുന്‍കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുനജനങ്ങളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.