LogoLoginKerala

താനൂര്‍ ബോട്ട് ദുരന്തം; ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം

 
pinarayi vijayan


മലപ്പുറം- താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ സ്വാഭാവികമായ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നും ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. എംഎല്‍എമാരും കക്ഷിനേതാക്കളും ഇതിനെ പിന്തുണച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് താനൂരില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുന്‍പ് ബോട്ടപകടങ്ങളുണ്ടായപ്പോഴെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് എത്തിയത്. തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ മരിച്ച എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം നടന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പരപ്പനങ്ങാടിയിലേക്ക് എത്തിയത്. ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന പരപ്പനങ്ങാടി പുത്തന്‍കടപ്പുറം മദ്രസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. മന്ത്രിമാരായ കെ. രാജന്‍, വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മരിച്ചവരുടെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ക്യാംപില്‍ ഉച്ചയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.