കൊച്ചി കോര്‍പറേഷനു മുന്നില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

കൊച്ചി- ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ ഭരണ പ്രതിപക്ഷങ്ങളും പോലീസും കൊമ്പു കോര്‍ത്തതോടെ കൊച്ചി കോര്‍പറേഷനു മുന്നില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിനുള്ളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേന്‍ കോമ്പൗണ്ടിലും പോലീസുമായി ഏറ്റുമുട്ടി. രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേറ്റു. കോര്‍പറേഷന്‍ കോമ്പൗണ്ടിന് പുറത്ത് റോഡില്‍ തടിച്ചു കൂടിയ സി പി എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. തലക്ക് ലാത്തികൊണ്ട് അടിയേറ്റ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പത്മദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേയറെ കൗണ്‍സില്‍ ഹാളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ഡി സി സി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന് അകത്തും പുറത്തുമായി രാവിലെ മുതല്‍ തമ്പടിച്ചത്. മേയറുടെ സംരക്ഷണത്തിനായി സി ഐ ടി യു പ്രവര്‍ത്തകരടക്കം കോര്‍പറേഷന് പുറത്ത് വീണ്ടും തടിച്ചു കൂടി. സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്റെ നേതൃത്വത്തില്‍ പോലീസും വന്‍ സന്നാഹമൊരുക്കി. വൈകീട്ട് മൂന്നു മണിക്ക് നടക്കേണ്ട യോഗത്തില്‍ പങ്കെടുക്കാന്‍ മേയര്‍ എത്തിയതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കാറില്‍ നിന്നിറങ്ങിയ മേയര്‍ എം അനില്‍കുമാര്‍ പോലീസ് ബന്ദവസ്സോടെ കോര്‍പറേഷനുള്ളില്‍ കടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും ഡി സി സി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. അകത്ത് കയറിയ മേയറെ തടയാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതോടെ പോലീസ് കോര്‍പറേഷന് അകത്തും മേയര്‍ക്ക് സംരക്ഷണ കവചമൊരുക്കി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ട മേയറുടെ ചേംബര്‍ തുറന്ന് അനില്‍കുമാര്‍ അകത്തു കയറിയതോടെ സംഘര്‍ഷം ശക്തമായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോമ്പൗണ്ടില്‍ നിന്നു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. കൗണ്‍സിലറടക്കം രണ്ടു പേര്‍ ഇതിനിടെ പരിക്കേറ്റു വീണു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പുറത്ത് തടിച്ചുകൂടി നിന്ന സി പി എം പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് റോഡില്‍ സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചുവിട്ടു. വിഷവാതകം ശ്വസിച്ച് ആളുകള്‍ മരിക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുന്ന കോര്‍പറേഷന്‍ അധികാരികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്ന് ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പുറത്തു നിര്‍ത്തിയാണ് മേയറുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പുറത്തെത്തി പ്രതികരിച്ചു. എന്നാല്‍ തന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാല്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എഴുതിത്തന്നിട്ടുള്ളതാണെന്ന് യോഗത്തിന് ശേഷം മേയര്‍ അഡ്വ. അനില്‍കുമാര്‍ പറഞ്ഞു. താനും പ്രതിപക്ഷ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. അന്നെല്ലാം സമരം കൗണ്‍സില്‍ ഹാളിനുള്ളിലാണ് നടന്നിട്ടുള്ളത്. മേയറെ കോര്‍പറേഷനകത്തേക്ക് പ്രവേശിക്കാതെ ഉപരോധിക്കാന്‍ ശ്രമിക്കുന്നത് നല്ലതിനാണോ എന്ന് സമരക്കാര്‍ ചിന്തിക്കണം. എന്ത് പ്രശ്‌നമുണ്ടെങ്കിലും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ താന്‍ തയ്യാറാണ്. ബ്രഹ്്മപുരത്ത് അഗ്നിശമന സേനയും സന്നദ്ധ സേനയും നടത്തിയത് ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണെന്നും അവരെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചതായും അദ്ദേഹം അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു പ്രതിഫലവുമില്ലാതെയാണ് അവിടെ പ്രവര്‍ത്തനം നടത്തിയത്. അവര്‍ക്ക് സഹായം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്നതായിരും കോര്‍പറേഷന്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. ബ്രഹ്്മപുരത്ത് മാലിന്യസംസ്‌കരണത്തിന് ഉചിതമായ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ തീരുമാനം വരാന്‍ കാക്കുകയാണ്. കരാറുകാരുടെ ക്രമക്കേടുകളെക്കുറിച്ചുള്ള ചോ്ദ്യങ്ങള്‍ക്ക് എല്ലാ ഫയലുകളും താന്‍ പരിശോധിച്ചിട്ടില്ലെന്നും നേരത്തെ തന്റെ മുന്നില്‍ വന്ന ഒരു പ്രശ്‌നത്തില്‍ സോണ്‍ടാ കമ്പനിയുടെ ആവശ്യം നിരാകരിക്കുകയും ഫണ്ട് നല്‍കുന്നത് തടയുകയും ചെയ്തിരുന്നുവെന്ന് മേയര്‍ പറഞ്ഞു. സര്‍ക്കാരും വകുപ്പു സെക്രട്ടറിയുമടക്കം ഈ വിഷയത്തില്‍ തന്റെ നിലപാടിനൊപ്പമാണ് നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.