LogoLoginKerala

മിനി കൂപ്പര്‍ വാങ്ങിയ സി ഐ ടി യു നേതാവിനെ നീക്കം ചെയ്ത് സി പി എം

 
mini cooper

കൊച്ചി- അരക്കോടിയോളം രൂപ വിലയുള്ള മിനി കൂപ്പര്‍ കാര്‍ വാങ്ങിയ സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാറിനെ കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു.വിന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും നീക്കി. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

അരക്കോടിയുടെ മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണതയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ നിലപാടെത്തു. അനില്‍കുമാറിനെ ആരും പിന്തുണക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു.വിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍നിന്നും മറ്റെല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയായ സി എന്‍ മോഹനനാണ് സംഘടനയുടെ പ്രസിഡണ്ട്. സി.എന്‍. മോഹനനെയും ഈ ചുമതലയില്‍ നിന്ന്  ഒഴിവാക്കാന്‍ തീരുമാനിച്ചു.

അനില്‍കുമാര്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന മിനി കൂപ്പര്‍ കാര്‍ വാങ്ങിയത് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ഇത് വാര്‍ത്തയായതോടെ ഭാര്യയുടെ പേരിലാണ് കാര്‍ വാങ്ങിയതെന്ന വിശദീകരണവുമായി അനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് മുഖവിലക്കെടുത്തില്ല. അനില്‍കുമാറിനെതിരെ സംഘടനാ തലത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.