LogoLoginKerala

മിനി കൂപ്പര്‍ സ്വന്തമാക്കി സി ഐ ടി യു നേതാവ്

നേതാവിന്റെ വാഹന ശേഖരത്തില്‍ ഫോര്‍ച്യൂണറും ഇന്നോവയും
 
mini cooper

കൊച്ചി- അരക്കോടിയോളം രൂപ വിലയുള്ള മിനികൂപ്പര്‍ സ്വന്തമാക്കിയ കൊച്ചിയിലെ സി ഐ ടി യു നേതാവ് വിവാദത്തില്‍. പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍ ഷോറൂമില്‍ നിന്ന് മിനി കൂപ്പര്‍ ഏറ്റുവാങ്ങുന്ന ചിത്രം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സി പി എമ്മിലെ ഒരു വിഭാഗവും പ്രതിപക്ഷവും ഇത് ഏറ്റെടുത്തതോടെ സൈബര്‍ ഇടങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ വാഹനങ്ങള്‍ യൂണിയന്‍ നേതാവിന് സ്വന്തമായുണ്ട്. ഈ ശേഖരത്തിലേക്കാണ് ആഢംബര വാഹനമായ മിനി കൂപ്പര്‍ കഴിഞ്ഞ ദിവസം എത്തിയത്. ഭാര്യ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജോലിയുണ്ടെന്നും അവരാണ് മിനി കൂപ്പര്‍ വാങ്ങിയതെന്നുമാണ് പി കെ അനില്‍കുമാറിന്റെ വിശദീകരണം. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാര്‍ വാങ്ങുന്നത് അനില്‍കുമാറാണ്.  ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ കാറുകള്‍ നേതാവിന്റെ സ്വന്തം പേരിലുള്ളതാണ്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ വാഹനങ്ങളുടെ വിവരങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം. 

വൈപ്പിന്‍ കുഴുപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന പട്ടികവിഭാഗക്കാരിയായ സംരംഭകയെ പി കെ അനില്‍കുമാര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. സി ഐ ടി യു നേതൃത്വം പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ അനില്‍കുമാര്‍ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. യൂണിയന്‍ നേതാവിന്റെ ആഢംബരം വിവാദമായതോടെ മറുപടി പറയാന്‍ കഴിയാതെ വിഷമിക്കുകയാണ് സി ഐ ടി യു- സി പി എം നേതാക്കള്‍.