LogoLoginKerala

ബലാത്സംഗ കേസ്; കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച സിഐ പിആര്‍ സുനു ഇന്ന് വീണ്ടും ഹാജരാകണം

 
sunu

കൊച്ചി: തൃക്കാക്കര ബലാല്‍സംഗ കേസില്‍ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച സിഐ പിആര്‍ സുനു ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്ന് നിര്‍ദ്ദേശം. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന കാരണം  വ്യക്തമാക്കി പി ആര്‍  സുനുവിനെ ഇന്നലെ വിട്ടയച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ മൊഴി  വീണ്ടും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇനിയും സിഐയെ  കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ലെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പി ആര്‍ സുനുവിനെ ഇന്നലെ വിട്ടയച്ചത്. അതിനുമുമ്പ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ 
മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു.   ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദ്ദേശമുണ്ട്. 

തൃക്കാക്കരയിലെ വീട്ടില്‍ വച്ചും കടവന്ത്രയില്‍ വച്ചും സി ഐ അടക്കമുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്ന പി  ആര്‍ സുനുവിനെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും  ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടുണ്ട്. 
കേസില്‍ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതില്‍ സിഐക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരുടെ ചോദ്യം ചെയ്യലും തുടരും. രണ്ട് പ്രതികള്‍ ഒളിവിലാണ്.