ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; കണ്ണീരണിഞ്ഞ് തലസ്ഥാനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ദര്‍ബാര്‍ ഹാളിലെത്തിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദര്‍ബാര്‍ ഹാളിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചു. സജീവമായ അധ്യായനം അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരത്തിന് അരികില്‍ തന്നെ നിലയുറപ്പിച്ചു നില്‍ക്കുന്നു. അണികളും നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ്. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഹാളിലേക്ക് ഒഴുകിയെത്തി.
ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രലിലും ഇന്ദിരാ ഭവനിലും പൊതുദര്‍ശനത്തിനെത്തിക്കും. നാളെ മൃതദേഹവുമായി കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും.