LogoLoginKerala

ബില്ലുകള്‍ക്ക് അനുമതി നല്‍കാത്തതിന് ഗവര്‍ണറെ വേദിയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

 
PINARAYI ARIF MOHAMMED KHAN


തിരുവനന്തപുരം-നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ഉപരാഷ്ട്രപതിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം പല വിവാദ ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇനിയും അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കേരള നിയമസഭ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപ്ലകരമായ പല നിയമ നിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ജനജീവിതത്തിന്റെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നിയമങ്ങള്‍ കേരള നിയമസഭ പാസാക്കി. ഇതില്‍ പല നിയമങ്ങളും വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കേരള നിയമസഭ. ഈ ശ്രീകോവിലിന്റെ പവിത്രത ഉയര്‍ത്തി പിടിച്ചവരാണ് സാമാജികര്‍ എന്നതില്‍ അഭിമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കാരണമായ പല നിയമനിര്‍മ്മാണങ്ങളും കേരള നിയമസഭ നടത്തിയതായി രജതജൂബിലി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി  ജഗദീപ് ധന്‍കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിച്ചു. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗദീപ് ധന്‍കര്‍ പുകഴ്ത്തി. രാജ്യതാല്പര്യങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത പ്രതിഭകളെ ജഗദീപ് ധന്‍കര്‍ പേരെടുത്ത് പറഞ്ഞ് ഓര്‍മ്മിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരള മികവിന്റെ ഗുണഭോക്താവാണ് താനെന്നും സൈനിക സ്‌കൂളില്‍ പഠിപ്പിച്ച മലയാളി അധ്യാപികയെ ഓര്‍മ്മിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.